Established in 1963
Explore the intricate narrative of our parish by examining detailed accounts of its construction and the key individuals pivotal to its realization. Uncover the stories of those who have made significant contributions to the founding of our community, emphasizing the collaborative efforts that have shaped the vibrant identity of our parish. This encapsulates the essence of our history.
Established in 1963
Patron (saint) is St. Martin De Porres
1975 സെപ്റ്റംബർ 13-ന് ബ. ജേക്കബ് കാരിയാറ്റി അച്ഛൻ പ്രോ വികാരിയായി തേവക്കൽ താമസമാക്കി. ആദ്യമായാണ് ഒരു അച്ഛൻ തേവക്കൽ താമസിക്കുന്നത്. ഏകദേശം ഒരുമാസത്തിനുമുമ്പ് അഡ്വ. കളത്തിൽ വേലായുധൻ നായരുടെ ഭാര്യയുടെ വക ഒരേക്കർ സ്ഥലം ഇടപ്പള്ളി പള്ളിയിൽനിന്നും വാങ്ങിയിരുന്നു. അതിനകത്ത് ആസ്ബസ്റ്റോസിട്ട ഒരു ചെറിയ വീടും ഒരുമുറിയും രണ്ടുവരാന്തയും ഉണ്ടായിരുന്നു. പറമ്പിൽ പടിഞ്ഞാറ് ഭാഗത്ത് അഞ്ചോ പത്തോ തെങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒക്ടോബർ മാസത്തിൽ 16 തേങ്ങാ കിട്ടി. ഇന്ന് താഴത്തെപ്പള്ളി എന്നറിയപ്പെടുന്ന st. മാർട്ടിൻ ചർച്ച് 4 സെൻറ് സ്ഥലത്ത് നേരത്തേതന്നെ ഉണ്ടായിരുന്നു. ഇടപ്പള്ളിക്കാരൻ അമ്പാട്ട് ചാക്കോ ചേട്ടൻ എന്നയാൾ കപ്പേള പണിയാനായി ഇടപ്പള്ളി പള്ളിക്ക് കൊടുത്ത സ്ഥലമാണ് എന്ന് കേട്ടിട്ടുണ്ട്. 1963-ൽ പെ. ബ. കമ്മട്ടിലച്ചൻ ഇടപ്പള്ളി വികാരിആയിരുന്ന കാലത്താണ് ആ പള്ളി പണി തീർത്തത്. ഏകദേശം 40 അടി നീളമുള്ള ഒരു കൊച്ചുപള്ളി. 1963 മുതൽ അവിടെ ആണ്ടിലോരിക്കൽ പെരുനാൾ ആഘോഷിക്കുമായിരുന്നു. തിരുഹൃദയ പെറ്റി സെമിനാരി തൃക്കാക്കരയ്ക്ക് മാറ്റിയ കാലം മുതൽ ഞായറാഴ്ച കുർബാന സെമിനാരിയിലെ അച്ചന്മാർ പോയി ചൊല്ലുമായിരുന്നു. പെ. ബ. പാനാപ്പിള്ളി അച്ഛൻ, ബ. ജേക്കബ് കക്കാട്ടുചിറ അച്ഛൻ, ബ. ജോസ് തച്ചിൽ അച്ഛൻ എന്നിവർ അവിടെ കുർബാന ചൊല്ലിയിരുന്നവരാണ്. ബ, ജോസ് തച്ചിൽ അച്ഛൻ പള്ളിയുടെ കാര്യം അന്വേഷിച്ചിരുന്ന കാലത്ത് 'കൈലാസ് നഗർ കോളനി' എന്നറിയപ്പെടുന്ന കുന്നിൽ 64 ച. മീറ്റർ പട്ടയ ഭൂമി മണ്ണാപറമ്പിൽ വർഗീസ് ഭാര്യ സെലീന എന്ന ആളിൽ നിന്നും കർദിനാൾ തിരുമേനി കൊടുത്ത പണം കൊണ്ട് വാങ്ങിരിയുന്നു. അതിൽ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇത്രയും സ്ഥലങ്ങളാണ് പള്ളിക്ക് 1976-ൽ ഉണ്ടായിരുന്നത്. രണ്ട് തിരിക്കാലുകളും രണ്ട് സെറ്റ് കുർബാന കുപ്പായങ്ങളും കുർബാന ചൊല്ലാൻ അത്യാവശ്യം വേണ്ട വസ്തുക്കളും പള്ളിയിൽ ഉണ്ടായിരുന്നു. മാർട്ടിൻ പുണ്യവാന്റെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും. ഇടപ്പള്ളി പള്ളി വികാരിയുടെ ഔദാര്യത്തിലാണ് ചിലവുകൾ നടത്തിയിരുന്നത്. ബ. കാരിയാറ്റി അച്ഛൻ കോളേജിൽ പഠിപ്പിച്ചിരുന്നതുകൊണ്ട് വികാരിയുടെ ശമ്പള പ്രെശ്നം അന്ന് ഇല്ലായിരുന്നു.
അക്കാലത്ത് 7 സുറിയാനി കാരുടെ വീടുകളും ഏകദേശം 12 ലത്തീൻ കാരുടെ വീടുകളുമാണ് തേവക്കൽ ഭാഗത്ത് ഉണ്ടായിരുന്നത്. കങ്ങരപ്പടി ഭാഗത്ത് സുറിയാനിക്കാരുടെ 3 വീടുകൾ ഉണ്ടായിരുന്നു. ഇവർ എല്ലാം തന്നെ പല സ്ഥലങ്ങളിൽ നിന്നും വന്ന് അവിടെ താമസിച്ചിരുന്നവരായിരുന്നു. കോളനിയിലെ മിക്കവരും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ ഭരണകാലത്ത് (1960) തരിശുഭൂമി കയ്യേറി അവിടെവന്ന് താമസിച്ചിരുന്നവരാണ്. പലർക്കും തന്നെ കൈവശഭൂമിയിൽ പട്ടയ്യം ഉണ്ടായിരുന്നില്ല. എല്ലാവരും തന്നെ വളരെ താഴ്ന്ന സാമ്പത്തിക നില ഉള്ളവരും ആയിരുന്നു. വിവിധ മതസ്ഥരായിട്ടുള്ള നൂറിൽ പരം സാധുക്കളുടെ വീടുകളുടെ ഇടയിലാണ് ക്രിസ്ത്യാനികളും ജീവിച്ചിരുന്നത്. അതിരൂപതയിലെ സോഷ്യൽ വർക്കിന്റെ സഹായം വാങ്ങി രണ്ട് ഓടിട്ട വീടുകൾ ബ. തച്ചിൽ അച്ഛൻ പണിയുവാൻ തുടങ്ങിയിരുന്നു. ഒരാൾ വീടുപണിക്ക് കുറേ കല്ലുവെട്ടിച്ച് ഓട് വാങ്ങി വെച്ചിരുന്നു.
1976 - 77 വർഷങ്ങളിൽ ബ. പ്രോ. വികാരി ഏപ്രിൽ മെയ് മാസങ്ങളിൽ മറ്റ് പലയിടങ്ങളിലും പോയ് താമസിച്ചിരുന്നു. കാരണം ഭക്ഷണം പാകം ചെയ്യാൻ അടുക്കള ഉണ്ടായിരുന്നില്ല. ക്ലാസ് ഉള്ളപ്പോൾ കോളേജ് ക്യാന്റീൻ കൊണ്ടാണ് കഴിഞ്ഞിരുന്നത്. 1946 ജൂൺ മാസത്തിലാണ് കിണറ് വറ്റിച്ച് വാക്കല്ല് (കിണറിൻറെ സൈഡ് മതിൽ) കെട്ടിയത്. അന്നുവരെ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു നായർ വീട്ടിൽനിന്നാണ് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നത്. ആ ജൂലൈ മാസത്തിൽ വി. മാർട്ടിൻ പുണ്യവാന്റെ ഒരു രൂപം മുന്നൂറ് രൂപയ്ക്ക് വാങ്ങി പള്ളിയിൽ പ്രതിഷ്ഠിച്ചു.
വ്യക്തമായ ഒരു തീരുമാനവും പള്ളിയുടെ നടത്തിപ്പിനെ പറ്റി ഉണ്ടാവാതിരുന്നതിനാൽ, നിരന്തരമായ അഭ്യർത്ഥനയുടെ ബലമായി ഇടപ്പള്ളി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറിച്ചുപള്ളിയുടെ നടത്തിപ്പിന്നെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് അരമനയിൽ നിന്നും ഒരു കമ്മീഷനെ വെക്കുകയുണ്ടായി. തേവക്കൽ പള്ളി സ്വയം പരിയാപ്തമാകത്തക്ക വിധത്തിൽ ദീർഘവീക്ഷണത്തോടെ പ്ലാൻ ചെയ്യണമെന്നും, എന്നും ഇടപ്പള്ളി പള്ളിയെ ആശ്രയിച്ച് കഴിയുകയെന്നത് ശരിയല്ലെന്നും സ്വയം പരിയാപ്തമാവുന്നതുവരെ പള്ളി നടത്തിക്കൊണ്ടുപോകുവാൻ വേണ്ട പണം തരാൻ വ്യക്തമായ കൽപ്പന ഉണ്ടാവണമെന്നും കമ്മീഷനെ അറിയിച്ചിരുന്നു. വാങ്ങിയ പറമ്പിന്റെ ബാക്കി ഒരേക്കർ കിടക്കുന്നത് വാങ്മതിൽ കെട്ടി അതിലുള്ള ഒരു വലിയ കുളത്തിൽ ഒരുമോട്ടറും വച്ചുതന്നാൽ സ്വയം പരിയാപ്തിയിലേക്കുള്ള നല്ലൊരു ഉപാധിയാണെന്നും പ്രോ. വികാരി അറിയിച്ചിരുന്നു.
കമ്മിഷൻ അംഗങ്ങൾ തേവക്കൽ വന്ന് കാര്യങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കികൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1976 ജനുവരി 19-ാം തീയതി അയച്ച കൽപ്പനയിൽ (എസ്. നമ്പർ 18831 / ഇ. പി. 5992) പള്ളിയുടെ നടത്തിപ്പ് ചിലവിലേക്ക് അച്ഛന്റെ ഭാഗം, കാപ്യാരുടേയും മറ്റും ശമ്പളം ഇവർക്ക് 150/- രൂപയും ധർമ്മ കാര്യങ്ങൾക്കായി 75/- രൂപയും കൊടുക്കണമെന്ന് നിർദ്ദേശിച്ചു. കൂടാതെ വാർഷിക അറ്റകുറ്റ പണികൾക്ക് 250/- രൂപയും പ്രതിവർഷം നൽകണമെന്ന് തീരുമാനിച്ചു. ഒരടുക്കളയും സ്റ്റോറും പണിയാനും കിണർ താഴ്ത്തി വേനൽകാലത്തും വെള്ളം കിട്ടത്തക്ക വിധം സൗകര്യപ്പെടുത്തണമെന്നും ആ കൽപ്പനവഴിയാണ് തീരുമാനമുണ്ടായത്. കമ്മീഷന് കൊടുത്ത ശുഭാർശ്ശയിൽ പറഞ്ഞിരുന്ന പറമ്പ് വാങ്ങണമെന്ന നിർദ്ദേശവും അംഗീകരിക്കപ്പെടുകയും കൽപ്പനയിൽ നാലാം ഖണ്ഡികയിൽ എഴുതി ചേർക്കുകയും ചെയ്തു. പക്ഷേ നടപടിയായില്ല.
നിലവിലുള്ള കെട്ടിടത്തിന് കിഴക്കുവശത്ത് ഒരു ചാർത്തുണ്ടാക്കി തന്ന് അന്നത്തേ വികാരി അടുക്കളയും സ്റ്റോറും പണിയണമെന്ന കൽപ്പന അനുസരിച്ചതായി വരുത്തി. വലിയ കെട്ടിടം ഒരുകാലത്ത് അച്ഛന്റെ താമസത്തിന് പണിയേണ്ടി വരുമെന്നും അതുകൊണ്ട് താൽക്കാലിക ആവശ്യം ഇപ്പോൾ നോക്കിയാൽ മതിയെന്നുമായിരുന്നു വിശദീകരണം. ഏതായാലും താമസം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞപ്പോൾ കഞ്ഞി വയ്ക്കാൻ അടുക്കള ഉണ്ടായതിൽ സംതൃപ്തി തോന്നി. 1978 സെപ്തംബർ മുതൽ വേദപാഠം പഠിപ്പിക്കാൻ തൃക്കാക്കര പ്രേഷിതരങ്ക സിസ്റ്റേഴ്സ് രണ്ടുപേർ വരാൻ തുടങ്ങി. 1979 ഏപ്രിൽ മാസത്തിൽ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ ഒരു കിണർ കുഴിക്കാൻ തുടങ്ങി. ആ വർഷം നവംബർ മാസം ഒരു സിമിത്തേരി കിട്ടാൻ നടപടി ആരംഭിച്ചു. ആരെങ്കിലും മരിച്ചാൽ ശവം ഇടപ്പള്ളി പള്ളിവരെ അന്ന് കൊണ്ടുവരണമായിരുന്നു. കൈലാസ് കോളനിയിലെ പറമ്പിന് മതിൽ കെട്ടിയതും ഈ വർഷമായിരുന്നു. 1980 ഏപ്രിൽ മാസം സിമിത്തേരിക്ക് പഞ്ചായത്തിലേക്ക് അപേക്ഷ നൽകുകയും അധികം താമസിയാതെ പഞ്ചായത്ത് കമ്മറ്റി അഗീകരിക്കുകയും ചെയ്തു. കലക്‌ടറുടെ അനുവാദത്തിന്വേണ്ടി ജൂൺമാസത്തോടെ അയച്ചു. സെപ്റ്റംബർ മാസത്തിൽ റവന്യൂ ഇൻസ്‌പെക്ടർ പരിശോധനയ്‌ക്കു വരുകയും പ്രോ. വികാരിയുടെ താമസവും കിണറിന്റെ സാന്നിധ്യവും തടസവാദങ്ങളായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് പ്രോ. വികാരി ഇടപ്പള്ളി പള്ളിയിലേക്ക് താമസം മാറ്റുകയും കിണർ നികത്തുകയും ചെയ്തു. പിന്നീട് റവന്യൂ ഇൻസ്‌പെക്ടർ വന്നു പരിശോധിച്ച് സിമിത്തേരിക്ക് ശുപാർശ്ശ നടത്തി. 1981 മാർച്ച് മാസത്തോടെ പുതിയ കിണർ പൂർത്തിയാക്കി മോട്ടർവച്ചു. മുകൾഭാഗം കരിങ്കല്ല് കൊണ്ട് കിട്ടിയെങ്കിലും മണ്ണിൽ കെട്ടിയതുകൊണ്ട് അടുത്ത മഴക്കാലത്ത് ഇടിഞ്ഞുപൊയി.
അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി ഇതിനിടെ കൈലാസ് കോളനി സന്ദർശ്ശിക്കുകയും അവിടെ ഒരു പള്ളി പണിയാനും വേദപാഠത്തിന് ഉപകരിക്കത്തക്കവിധം ഒരു കെട്ടിടം പണിയാനും നിർദ്ദശിക്കുകയും ചെയ്യ്തു. അന്ന് കൈവശമുണ്ടായിരുന്ന ഭൂമി പലതട്ടുകളിൽ ആയിരുന്നതിനാൽ അതിന് തൊട്ട് പടിഞ്ഞാറുവശം കിടന്ന സാമാന്യം നിരപ്പായ 57 ച. മീറ്റർ സ്ഥലം വലിയവീട്ടിൽ ഹസ്സൻ എന്ന ആളിൽനിന്നും വാങ്ങി. ആ പറമ്പിൽ പള്ളിയും നേരത്തേ ഉണ്ടായിരുന്ന പറമ്പിന്റെ റോഡിന് അടുത്തുള്ള സ്ഥലത്ത് സ്കൂളും പണി ആരംഭിച്ചു. അരമനയിൽ പ്രോക്കുറേറ്റർ ആയിരുന്ന പെ. ബ. ഫ്രാൻസിസ് അച്ഛൻ തന്നെ വന്നാണ് പണിനടത്തിയിരുന്നത്. പുതിയ പറമ്പിനും പള്ളിക്കും മറ്റും ചിലവായ തുകമുഴുവൻ തന്നത് കർദ്ദിനാൾ തിരുമേനി ആണ്.
അത്യുന്നത കർദ്ദിനാൾ തിരുമേനി തന്നെ പള്ളി ആശീർവദിച്ചു. വി. കൊച്ചു ത്രേസ്സ്യായുടെ നാമത്തിലുള്ള ദേവാലയമായിരുന്നതുകൊണ്ട് അതിന് 'ഫ്ലവർ മൗണ്ട് ചർച്ച്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1981 ജൂലൈ 13-ാം തീയതിയിലെ എസ്. നമ്പർ 20375 / ഇ. പി. നമ്പർ 6460 കൽപ്പന പ്രകാരം പ്രതിമാസം 65/- രൂപയും വാർഷിക അറ്റകുറ്റ പണികൾക്ക് 400/- രൂപയും ഇടപ്പള്ളി പള്ളിയിൽ നിന്നും ഈ പളളിക് തണമെന്ന് നിശ്ചയിക്കുകയും ചെയ്തു.
1980-ൽ കങ്ങരപടി ഭാഗത്ത് 'ഹോളി ക്രോസ്സ് സിസ്റ്റേഴ്സ്' 10 ഏക്കർ സ്ഥലം വാങ്ങി. അവിടെ അവർ പണിത കപ്പേളയും മഠവും 1980 ഡിസംബർ മാസത്തിൽ വെഞ്ചിരിച്ച് അവിടെ ആദ്യമായി കുർബാന ചൊല്ലി. അവിടെ ചൊവ്വാഴ്ച്ചകളിൽ കുർബാന ചൊല്ലാൻ തുടങ്ങുകയും ചെയ്തു.
1981 ഒക്ടോബർ മാസത്തോടെയാണെന്ന് തോന്നുന്നു സിമിത്തേരി കാര്യം പത്രത്തിൽ പ്രസിദ്ധികരണത്തിന് കൊടുക്കേണ്ടി വന്നത്. അതോടെ അടുത്തുള്ള പറമ്പിന്റെ ഉടമസ്ഥരും മറ്റും ചേർന്ന് ആക്ഷേപങ്ങൾ ഉന്നയിക്കുകയും സിമിത്തേരിക്കുള്ള അനുവാദം തടയാൻ ശ്രമിക്കുകയും ചെയ്തു. ആക്ഷേപങ്ങൾ കേട്ടശേഷം കളക്ടർ അവ തള്ളി കളഞ്ഞപ്പോൾ, അച്ഛൻ താമസിക്കുന്ന പറമ്പിനും കോഴിമല എന്നറിയപ്പെടുന്ന ഷെവലിയർ ബി. എം. എഡ്‌വേർഡിന്റെ പറമ്പിനും ഇടയ്ക് ഒഴിച്ചിട്ടിരുന്ന ഒരേക്കറിൽ ബാക്കിവന്ന ആറര സെന്റ് സ്ഥലം പുറമ്പോക്കാണെന്ന് ആരോപിച്ച് രാത്രിയിൽ രണ്ട് വീടുകൾ വച്ച് കെട്ടി. RSS കാരും മാർക്സിസ്റ്റ് കാരും ആയിരുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്. കിഴക്കേ പറമ്പിന്റെ ഉടമസ്ഥനായ മാർക്സിസ്റ്റ് നേതാവ് കൃഷ്ണൻകുട്ടിയാണ് ഓലയും മറ്റുംകൊടുത്ത് ഇത് ചെയ്യിച്ചത്. അടുത്തദിവസം വെളുപ്പിന് ആളുകളെ വിവരമറിയിക്കുകയും രണ്ടുവീടും തീവച്ച് നശിപ്പിക്കുകയും ചെയ്തു. പാവപ്പെട്ടവരാണെങ്കിലും നമ്മുടെ ആളുകൾ അന്ന് കാണിച്ച ഐക്യവും ധീരതയുമാണ് സിമിത്തേരി കിട്ടിയതിന് പ്രധാനമായ കാരണം. തീവെപ്പ് ഭാവന ഭേദനം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇരുപതോളം ആളുകളെ പ്രതി ചേർത്ത് അവർ കേസുകൊടുത്തു. സംഭവം കഴിഞ്ഞ് പിറ്റേദിവസം തന്നെ അച്ഛൻ പോയി പഴയവസ്തു ഉടമയെ കണ്ട് അവരുടെ കയ്യിൽനിന്നും തെളിവുകൾശേഖരിക്കുകയും, ഇതിന്റെ അടിസ്ഥനത്തിൽ സ്ഥലം പുറമ്പോക്കല്ലെന്നും, കരാറുപ്രകാരം അവകാശമുണ്ടെന്ന് വാദിച്ചതുകൊണ്ട് കേസ് വിജയിക്കുകയും ചെയ്തു. അതിനിടയിൽ ഈസ്ഥലം രജിസ്റ്റർചെയ്തു വാങ്ങുകയും ചെയ്തു. പണംതന്ന് ഇതിന് സഹായിച്ചതും അത്യുന്നത കർദ്ദിനാൾ തിരുമേനിയാണ്. പത്തുദിവസത്തോളം അച്ഛൻ താമസിക്കുന്നസ്ഥലത്ത് സങ്കർഷാവസ്ഥയും ഭീക്ഷണിയും നിലനിന്നു. കുറേ ആളുകൾ പത്തുദിവസവും രാത്രിയിലും പകലും അവിടെത്തന്നെ കഴിച്ചുകൂട്ടി. അവസാനം രക്ഷയില്ലെന്ന് മനസ്സിലായപ്പോൾ ഒത്തുതീർപ്പിന് ആളുകൾവരുകയും 500/- രൂപയോളം നഷ്ടപരിഹാരം കൊടുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതിൽ പകുതി വസ്തുവിന്റെ പഴയ ഉടമസ്ഥതയിൽ നിന്നും വാങ്ങുകയാണുണ്ടായത്. അധികം താമസിയാതെ കലക്‌ടറുടെ അനുവാദം കിട്ടി സിമിത്തേരി എന്ന സ്വപ്നം സാക്ഷാത്കരിക്ക പെട്ടു.
1982 ജനുവരി 17-ാം തീയതിക്ക് മുമ്പ് തേവക്കൽ പള്ളിയുടെ ചാർജ് എടുക്കണമെന്ന് കാണിച്ച് പാലാട്ടി ബ. വർഗീസ് അച്ഛന് കൽപ്പന അയച്ച വിവരം ലഭിച്ചതിനെ തുടർന്ന് ബ. കരിയാറ്റി അച്ഛൻ തൃക്കാക്കര റിട്രീറ്റ് ഹൗസിലേക്ക് ജനുവരി ആദ്യംതന്നെ താമസം മാറ്റി.